കാട്ടിലേക്ക് തിരിച്ച് വച്ച പെണ്‍ ക്യാമറകള്‍
കേരളത്തിലെ സ്ത്രീകള്‍ പൊതുവെ ഇറങ്ങിചെല്ലാത്ത ഒരിടമായിരുന്നു ഫോട്ടോഗ്രഫി. മോജോ ജേര്‍ണലിസത്തിന്റെ ഇക്കാലത്ത് നിരവധി പെണ്‍ ക്യാമറകള്‍ സമൂഹത്തിലേക്ക് തിരിച്ച് വച്ചിട്ടുണ്ട്. എങ്കിലും വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണം പൊതുവെ കുറവാണ്. കാട് കയറി ഫോട്ടോ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും സുരക്ഷയുമൊക്കെ മാനിച്ചാണ് ഈ മേഖലയിലേക്ക് പെണ്‍കൂട്ടം നടന്നടുക്കാത്തത്. പക്ഷെ കാട്ടിലെ കാഴ്ചകളും വന്യതയും ഒരു തവണ നമ്മളനുഭവിച്ചാല്‍ ക്യാമറ പിന്നെ ഒരിക്കലും തിരിച്ച് വെക്കാതിരിക്കാനാവില്ലെന്നാണ് കേരളത്തില്‍ നിന്നുള്ള ഈ വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്.വന്യജീവി ഫോട്ടോഗ്രഫിയില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ച ഇവര്‍ കേരളത്തിലെ വളര്‍ന്ന് വരുന്ന വനിത ഫോട്ടോഗ്രാഫര്‍മാരുടെ മാതൃകകളാവേണ്ടതുണ്ട്. പെണ്ണുങ്ങള്‍ക്ക് പറ്റാത്ത ഇടമല്ല കാടെന്നാണ് ഇവര്‍ തെളിയിക്കുന്നത്. ഇവരുടെ ഓരോ സ്‌നാപുകളും വിളിച്ച് പറയുന്നതും അതുതന്നെയാണ്. താഴ്ത്തികെട്ടലുകളിലോ കമ്മന്റടികളിലോ വീഴാതെ നമ്മുടെ ക്യാമറയിലും ക്യാമറയുടെ ഉള്ളിലൂടെ കാണുന്ന കാഴ്ചകളിലും വിശ്വാസമര്‍പ്പിച്ച് യാത്ര തിരിച്ചാല്‍ നല്ല ചിത്രങ്ങള്‍ നമ്മെ തേടിവരുമെന്നാണ് ഇവര്‍ ഒരുമിച്ച് പറയുന്നത്. ആ പെണ്‍നക്ഷത്രങ്ങളെ നമുക്ക് പരിചയപ്പെടാം.
നല്ല പാതിയുടെ സമ്മാനം ഫോട്ടോഗ്രാഫറാക്കിയ കഥ
കേരളത്തിലെ വന്യജീവി ഫോട്ടോഗ്രാഫര്‍മാരില്‍ പ്രമുഖയാണ് സീമ സുരേഷ്. തന്റെ ഭര്‍ത്താവ് സമ്മാനിച്ച ക്യാമറയില്‍ നിന്നാണ് സീമക്ക് ഫോട്ടോഗ്രഫി ഹരമാകുന്നത്. ആ ക്യാമറയിലൂടെ ഫോട്ടോ എടുത്ത് തുടങ്ങിയ സീമ ഇന്നെത്തി നില്‍ക്കുന്നത് സ്വന്തമായി നിരവധി അപൂര്‍വ്വ ചിത്രങ്ങളുള്ള ഇന്ത്യയിലെ പ്രശസ്തയായ ഒരു വന്യജീവി ഫോട്ടോഗ്രാഫറിലാണ്. ഭര്‍ത്താവ് തന്നെയാണ് ഈ ഫോട്ടോഗ്രാഫറുടെ വഴികാട്ടി. ജേണലിസ്റ്റായിരുന്ന അവര്‍ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറായ എന്‍ എ നസീറീന്റെ കൂടെയുള്ള ഒരു ട്രക്കിങ്ങിലെ അനുഭവങ്ങളും കാഴ്ചകളും പ്രചോദനം കൊണ്ടാണ് വന്യജീവി ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്നത്. 7 വര്‍ഷത്തോളമായി ക്യാമറയുമായി കാടിന്റെ ഭംഗിയും ജീവിതവും ഒപ്പിയെടുക്കാന്‍ സീമ രംഗത്തുണ്ട്. നിബിഡ വനങ്ങളാണ് അവരുടെ ഇഷ്ട സ്ഥലം. 'മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ എനിക്ക് ഒരുപാട് തവണ നല്ല ഫോട്ടോകള്‍ മിസ്സായിട്ടുണ്ട്. പക്ഷെ എനിക്കൊരിക്കലും ഇത് മടുക്കാറില്ല . കാടിന്റെ വന്യതയും ഭംഗിയും എന്നെ വീണ്ടും വീണ്ടും വന്യ ജീവി ഫോട്ടോഗ്രഫിയിലേക്ക് നയിക്കുമെന്ന് ' അവര്‍ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. അത്രയും കാടിനെയും കാട്ടിലെ ജീവികളെയും ഇഷ്ടപ്പെടുന്ന ഒരു ഫോട്ടോഗ്രാഫറാണ ് സീമ സുരേഷ്.
ഫിസിക്‌സ് ടീച്ചറിലെ ഫോട്ടോഗ്രാഫര്‍
ഫിസിക്‌സ് ടീച്ചറില്‍ നിന്ന് വന്യ ജീവി ഫോട്ടോഗ്രഫിയിലേക്ക് എത്തിയ ഒരാളാണ് അപര്‍ണ്ണ പുരുഷോത്തമന്‍. ഹയര്‍സെക്കന്ററി അധ്യാപികയായ ഇവര്‍ ലെന്‍സുകളെകുറിച്ചുള്ള പഠനത്തിലൂടെയാണ് ഫോട്ടോഗ്രാഫിയിലേക്ക് പ്രവേശിക്കുന്നത്. ലെന്‍സുകളെ കുറിച്ചുള്ള അറിവ് അവര്‍ക്ക് ഫോട്ടോഗ്രഫി എളുപ്പമാക്കി. മൃഗങ്ങളേക്കാള്‍ പക്ഷികളോടാണ് അപര്‍ണ്ണക്ക് താത്പര്യം. ഇതിനകം നിരവധി ഫോട്ടോ എക്‌സിബിഷനുകള്‍ അവര്‍ നടത്തി കഴിഞ്ഞു. നിരവധി അവാര്‍ഡുകളും ഫോട്ടോകളെ തേടിയെത്തി. വന വന്യജീവി സംരക്ഷണ ക്യാമ്പയിനുകളിലെ സ്ഥിര മുഖമാണ് അപര്‍ണ്ണ.
പ്രകൃതി സ്‌നേഹത്തില്‍ നിന്ന് ഫോട്ടോഗ്രഫിയിലേക്ക്
തന്റെ പ്രകൃതിയോടുള്ള സ്‌നേഹവും താത്പര്യവുമാണ് തന്നെയൊരു
ഫോട്ടോഗ്രാഫറാക്കിയതെന്നാണ് നിഷ പുരുഷോത്തമന്‍ പറയുന്നത്. 8 വര്‍ഷമായി നിഷ ഫോട്ടോഗ്രഫി രംഗത്തുണ്ട്.. തിരുവന്തപുരം ആര്‍ട്‌സ് കോളേജില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ നിഷക്ക് താന്‍ ലെന്‍സിലൂടെ കാണുന്ന എന്തിനോടും ബഹുമാനമാണ്. 'ഷേഡ്‌സ് ഓഫ് ലൈഫ്' എന്ന മരം നട്ടുപിടിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഗ്രീന്‍ മൂവ്‌മെന്റിന്റെയും 'വൈ നോട്ട് എസ്‌കേപെയ്ഡ്‌സ്' എന്ന പേരില്‍ നടക്കുന്ന ടൂറിസ്റ്റുകളെ കൊണ്ട് അവര്‍ യാത്ര ചെയ്യുന്ന സ്ഥലങ്ങളില്‍ മരം വച്ച് പിടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ക്യാമ്പയിനിന്റെയും സ്ഥാപകയാണീ ഫോട്ടോഗ്രാഫര്‍. 2014 ല്‍ ബി.ബി.സിയുടെ വന്യജീവി ഫോട്ടോഗ്രാഫര്‍ അവാര്‍ഡിലേക്കുള്ള പട്ടികയില്‍ നിഷയുടെ ഒരു ഫോട്ടോയും ഉണ്ടായിരുന്നു.
ചെറിയ കാര്യങ്ങളിലേക്ക് തിരിച്ച് വച്ച ലെന്‍സ്
ജോലിയുടെയും കുടുംബത്തിന്റെയുമെല്ലാം തിരക്കുകള്‍ക്കിടയിലും തന്റെ ഫോട്ടോഗ്രഫിക്ക് സമയം കണ്ടെത്തുന്ന കോഴിക്കോട് നിന്നുള്ള ഒരു ടീച്ചറാണ് പുഷ്പ. മറ്റു വന്യജീവി ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് വ്യത്യസ്തമായി ചെറിയ ജീവികളോടാണ് പുഷ്പയുടെ ലെന്‍സുകള്‍ക്ക് താത്പര്യം. കുട്ടിക്കാലത്ത് പ്രകൃതിയോടുണ്ടായിരുന്ന താത്പര്യമാണ് തന്നെ ഫോട്ടോഗ്രാഫിയിലേക്ക് നയിച്ചതെന്നാണ് പുഷ്പ പറയുന്നത്. തനിക്ക് ചുറ്റുമുള്ള ജീവികളും പ്രകൃതിയുമാണ് ഈ ഫോട്ടോഗ്രാഫറുടെ ചിത്രങ്ങളിലധികവും. പ്രകൃതിയെയും കാടിനെയും ഫ്രയിമിലാക്കാന്‍ നാം തിരഞ്ഞ് പോകണമെന്നില്ല നമുക്ക് ചുറ്റും നിറഞ്ഞുനില്‍ക്കുന്നതിലേക്ക് ശരിയായ രീതിയില്‍ ലെന്‍സുകള്‍ തിരിച്ച് വെച്ചാല്‍ മതിയെന്നാണ് ഈ ഫോട്ടോഗ്രാഫറുടെ പക്ഷം.
അച്ഛന്‍ പകര്‍ന്ന് തന്ന വഴിയേ
എറണാകുളം ജില്ലയില്‍ നിന്നുള്ള ലത ഒരു വക്കീലാണ്. പക്ഷെ ഈ വക്കീലിന് ഇഷ്ട കൂട്ടുകാരന്‍ ക്യാമറയാണ്. അച്ഛന്‍ പ്രഭാകരന്റെ കൂടെയാണ് കൊച്ചു ലത കാടുകയറാന്‍ പഠിച്ചത്. മൃഗഡോക്ടറായിരുന്ന അച്ഛനാണ് ഫോട്ടോഗ്രഫിയുടെ ബാല പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയത്. കേസിന്റെയും കോടതിയുടേയുമൊക്കെ തിരക്കിലും കാടു കയറാനും ചിത്രങ്ങള്‍ പകര്‍ത്താനും ഈ വക്കീല്‍ സമയം കണ്ടെത്താറുണ്ട്.
കാട്ടിലെ കാഴ്ച കണ്ടങ്ങനെ
ചെന്നൈയില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനറാണ് ശ്രീദേവി. ചെറുപ്പത്തില്‍ അച്ഛനും അമ്മയും സിനിമകാണിക്കാന്‍ കൊണ്ടുപോയതിനേക്കാള്‍ തന്നെ കാടുകാണിക്കാനാണ് കൊണ്ട് പോയിരുതെന്ന് ശ്രീദേവി ഒരഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്. അന്ന് മുതല്‍ ഉള്ളില്‍ കയറിയ കാടിന്റെ വന്യതയും മനോഹാരിതയുമാണ് ഫോട്ടോഗ്രഫിയിലേക്ക് അവരെ നയിച്ചത്.
ഭര്‍ത്താവ് സത്യനാരായണനും ശ്രീദേവിയുടെ വലകയ്യായി കൂടെയുണ്ട്.

Comments
Post a Comment