പാലായന കഥകള്‍ ഇന്നൊരു വാര്‍ത്തയല്ല. അഭയാര്‍ത്ഥികളും പാലയനങ്ങളും
എക്കാലത്തുമുണ്ടായിരുന്നു. എന്നാല്‍ സിറിയന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്നു വന്ന നിര്‍ബന്ധിത അഭയാര്‍ത്ഥി കുടിയേറ്റ പ്രശ്‌നങ്ങളും, അവരുടെ ദുരിതങ്ങളും പലതരത്തില്‍ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും വിധേയമായെങ്കിലും പലരും അതിന്റെ ഭീകര മുഖം തിരിച്ചറിഞ്ഞില്ല. 2015 ല്‍ തുര്‍ക്കി ജേര്‍ണലിസ്റ്റ് ആയ നിലൂഫര്‍ ഡെമിര്‍ പകര്‍ത്തിയ അയ്‌ലാന്‍ കുര്‍ദിന്റെ ചിത്രം വേണ്ടിവന്നു ലോക മാനവികതയുടെ കണ്ണുതുറക്കാന്‍. ഒരു ചിത്രവും ഈ അടുത്ത കാലത്ത് ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. നിലൂഫര്‍ ഡെമിര്‍ന്റെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്ത മൂന്ന് വയസ്സുകാരന്‍ അയ്‌ലന്റെ ചേതനയറ്റ ശരീരം ഇന്നു മൊത്തം അഭയാര്‍ഥികളുടെയും പ്രതീകമായി മാറിയിരിക്കുകയാണ്.
ഒരുപാട് വാര്‍ത്തകളും ചര്‍ച്ചകളും അഭയാര്‍ത്ഥി പ്രശ്‌നത്തെ തുടര്‍ന്നു വന്നെങ്കിലും അതിനൊന്നും കിട്ടാത്ത ജനശ്രദ്ധയായിരുന്നു നിലൂഫര്‍ പകര്‍ത്തിയ ഈ ചിത്രത്തിന് ലഭിച്ചത്. കുടിയേറ്റത്തിന്റെ, നിസ്സഹായതയെ തുറന്നു കാട്ടുന്ന ചിത്രമായിരുന്നു അയ്‌ലന്റേത്. ചിത്രം ലോകത്തോട് സംസാരിക്കുകയായിരുന്നു. തിരമാലകളെ ചുംബിച്ച് മണല്‍ തട്ടിന്റെ മാറോട് ചേര്‍ന്ന് കിടന്ന് ലോകത്തോടവന്‍ അവന്റെ കഥ പറഞ്ഞപ്പോള്‍ അതൊരു കൊച്ചു ഫ്രെയിമിലാക്കി നിലൂഫര്‍ നമ്മുടെ കൈകളിലേക്ക് വെച്ച് നീട്ടി. അദ്ധേഹം പകര്‍ത്തിയ അയ്ലന്റെ ചിത്രം ലോകത്തുണ്ടാക്കിയ കോളിളക്കം ചെറുതൊന്നുമല്ല.
മാനവരാശിയുടെ കണ്ണുതുറപ്പിച്ച ഒരു ചിത്രം തന്നെയായിരുന്നു അത്. വാക്കുകള്‍ക്കപ്പുറം ദൃശ്യങ്ങള്‍ക്ക് മനുഷ്യമനസ്സിലേക്ക് ആഴത്തില്‍ വേരുറപ്പിക്കാന്‍ കഴിയുമെന്നതിന് ഉത്തമ ഉദാഹരണം. മെഡിറ്ററേനിയന്‍ തീരത്തടിഞ്ഞ അയലന്റെ ശരീരം മനുഷ്യത്വം മരിക്കാത്തിടത്തോളം ജനമനസ്സുകളില്‍ അസുരക്ഷിതത്വത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായി നിലനില്‍ക്കും.

Comments
Post a Comment