ഒരു ചിത്രം ഒരായിരം കഥകള്‍ പറയുമെന്നാണ് പറയാറ്, പറയുന്ന കഥകളിലെല്ലാം കണ്ണീരും ,കഷ്ട്ടപാടുകളും, ആയുധങ്ങളും, ചോരയുടെ ചുവപ്പും മാത്രം ഉണ്ടാമ്പോള്‍ ആ കഥകള്‍ പകര്‍ത്തുന്ന മനുഷ്യരുടെ മാനസികവസ്ഥയെകുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മരണം മുന്നില്‍കണ്ടുകൊണ്ട് തോക്കിനും ബോംബിനും നടുവില്‍ അടുത്ത നിമിഷം എന്തു സംഭവിക്കുമെന്നറിയാതെ വ്യൂഫൈന്‍ഡറില്‍ കണ്ണുംനട്ടിരിക്കുന്ന ആ മനുഷ്യരുടെ മനോവീര്യം ചെറുതൊന്നുമായിരിക്കുകയില്ല. അവരുടെ ഏക ആയുധം കൈയില്‍ മുറുകെ പിടിച്ച ക്യാമറ കണ്ണുകള്‍ മാത്രമായിരിക്കും. അവരത് ചേര്‍ത്തു പിടിച്ചിരിക്കുന്നത് സമൂഹത്തോട് വലിയ കാര്യങ്ങള്‍ വിളിച്ച് പറയാനാണ്. നിങ്ങള്‍ കാണാത്ത, നിങ്ങള്‍ അറിയാത്ത പലതും ഇവിടങ്ങളില്‍ നടക്കുന്നുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനാണ്. ഞങ്ങളിത് ചെയ്തില്ലെങ്കില്‍ മറ്റാര് ഇത് ചെയ്യും? ലോകത്ത് അസ്വീകാര്യമായ കാര്യങ്ങളുണ്ടാകുമ്പോള്‍ അത് എല്ലാവരും അറിയേണ്ടതുണ്ട്. മരണത്തെ ഭയന്ന് ഞങ്ങള്‍ക്കിത് ചെയ്യാതിരിക്കാനാകില്ലെന്ന് അവരുടെ പ്രവര്‍ത്തികളിലൂടെ കാണിച്ചു തരുന്നു.
കൊളമ്പിയ ജേണലിസം റിവ്യൂ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് യുദ്ധ ജേണലിസ്റ്റുകളില്‍ വലിയ തോതില്‍ പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ് ഡിസോര്‍ഡര്‍ ( പി.ടി.എസ്.ഡി) വിഷാദം, മാനസിക ക്ലേശങ്ങള്‍ കണ്ടുവരുന്നുണ്ട്. അഗ്നിശമന സേനാംഗങ്ങളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ജീവിതത്തിലുള്ളതിനേക്കാള്‍ മനക്ലേശം ഈ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് അത്തരം പഠനങ്ങള്‍ തെളിയിക്കുന്നത്. യുദ്ധഭൂമിയില്‍ നില്‍ക്കുന്ന ഒരു ഫോട്ടോഗ്രാഫറുടെ മനസ് കലുഷിതമായിരിക്കും. എന്ത് ചെയ്യണം? ഇനി എന്ത് സംഭവിക്കും? മരണഭയം, നിസ്സഹായാവസ്ഥ അങ്ങനെ ഒരുപാട് ചോദ്യങ്ങളും വെല്ലുവിളികളും അവര്‍ക്കുള്ളില്‍ ഒരേസമയം ഉണ്ടാകും. അതിനിടയില്‍ ഞങ്ങളെ രക്ഷിക്കൂ എന്ന് പറയുന്ന ഒരുപാട് കണ്ണുകളെ അവര്‍ക്ക് നിഷ്‌ക്കരുണം തള്ളിക്കളയേണ്ടി വന്നിട്ടുണ്ടാവും. അതിന്റെ കുറ്റബോധവും ഓര്‍മ്മകളും അവരെ യുദ്ധത്തിനപ്പുറവും വേട്ടയാടിക്കാണും.
20 കൊല്ലമായി യുദ്ധഫോട്ടോഗ്രാഫി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോണ്‍ മക്കലിന്റെ അനുഭവം പകര്‍ത്തുന്നത് ഇങ്ങനെയാണ്. പാട്രിസ് ലുമുംബക്കായി പോരാടുന്ന ചില യുവ വിമതരെ കോങ്കോയില്‍ വെച്ച് സര്‍ക്കാര്‍ സൈനികര്‍ വളഞ്ഞു. വിമതര്‍ തങ്ങളെ രക്ഷിക്കണമെന്ന ആവശ്യത്തോടെ ഡോണിനെ നോക്കി. ഡോണിന് നിസ്സഹായനായി നില്‍ക്കാന്‍ മാത്രമേ സാധിച്ചുള്ളു. ഒരുപക്ഷെ അവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കില്‍ സൈനികരുടെ വെടിയുണ്ടകള്‍ക്ക് അദ്ദേഹവും ഇരയായേനെ. തിരിച്ച് പോന്നതിന് ശേഷവും ആ കണ്ണുകള്‍ എന്നെ വേട്ടയാടിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിയറ്റ്‌നാമില്‍ അമേരിക്കന്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത ് നിക്ക് ഉട്ട് പകര്‍ത്തിയ ചിത്രമാണ് അദ്ദേഹത്തെ പ്രസ്സ് ഫോട്ടോഗ്രഫി മേഖലയില്‍ പ്രശസ്തനാക്കിയത്. നാപ്പാം ബോംബ് കബോഡിയന്‍ ഗ്രാമത്തില്‍ വര്‍ഷിച്ചപ്പോളുണ്ടായ വലിയ അഗ്നിഗോളത്തില്‍ നിന്നും രക്ഷപ്പെട്ട് കരഞ്ഞുകൊണ്ട് ഓടിവരുന്ന അമ്മയും നഗ്നയായ ഒരു ചെറിയ പെണ്‍കുട്ടിയും. ചിത്രം പകര്‍ത്തിയതിന് ശേഷം നിക്ക് ഉട്ട് ശ്രമിച്ചത് അവരെ രക്ഷിക്കാനാണ്. ആ ചിത്രം യുദ്ധത്തിനെതിരായ പൊതുവികാരം ഉണര്‍ത്തുകയും അമേരിക്കന്‍ ഭീകരതക്കെതിരായ മുന്നേറ്റമായി മാറുകയും ചെയ്തു.
യുദ്ധഭീകരതയുടെ നഗ്നത വെളിച്ചത്ത് കൊണ്ടുവന്ന ഈ ചിത്രത്തിനാണ് 1973 ലെ പുലിറ്റ്‌സര്‍ പുരസ്‌ക്കാരം ലഭിച്ചത്. ഒരു ചിത്രവും പണത്തിനും പ്രശകസ്തിക്കും വേണ്ടിയല്ല പകര്‍ത്തുന്നത്. ഇവയുടെയെല്ലാം പ്രധാനലക്ഷ്യം സമാധാനമാണ് സുഖം എന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കുകയെന്നതാണ്. ഓരോ യുദ്ധചിത്രങ്ങളും പറയുന്നതും യുദ്ധത്തിന്റെ പരിണിതഫലം വേദന മാത്രമാണെന്നാണ്. ഒരുപാട് ഫോട്ടോഗ്രാഫര്‍മാര്‍ മനുഷ്യന്റെ അതികഠിനമായ അവസ്ഥകളെ, അവന്റെ ഭയത്തെ, ജീവന്‍ ബലിയര്‍പ്പിച്ച്് ഒപ്പിയെടുക്കുന്നത് നല്ലൊരു മാറ്റം പ്രതീക്ഷിച്ചുകൊണ്ട് തന്നെയായിരിക്കും. ഇനി യുദ്ധങ്ങള്‍ വേണ്ടെന്നുള്ളതുതന്നെയാണ് ആ ചിത്രങ്ങള്‍ നല്‍കുന്ന സന്ദേശവും. ഒരു യുദ്ധകഥ ഫ്രെയിമില്‍ ഒതുക്കുക എന്നത് നിസാരമായ കാര്യമല്ല. യുദ്ധത്തിന്റെ തീവ്രതയും ആഴവും അതുപോലെ, ആത്മാവ് ഒട്ടും ചോര്‍ന്നുപോകാതെ പകര്‍ത്താന്‍ മനുഷ്യാവസ്ഥകള്‍ മനസ്സിലാവുന്ന മനുഷ്യത്വമുള്ള ഒരാള്‍ക്ക് മാത്രമേ സാധിക്കുകയുള്ളു. അതുകൊണ്ടുതന്നെ ആ മനുഷ്യരെ നമ്മള്‍ ഇടക്ക് ഓര്‍ക്കേണ്ടതുണ്ട്്. ഓരോ ചിത്രങ്ങള്‍ കാണുമ്പോഴും അതിനു പിന്നിലെ അവരുടെ പ്രയത്‌നത്തെ, വേദനയെ പ്രശംസിക്കേണ്ടതുണ്ട്.

Comments
Post a Comment