ആഗോളതലത്തില്‍ ശ്രദ്ധ നേടിയതും, വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ,വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതുമായ ചില ഫോട്ടോകളുണ്ട.് പ്രശസ്തിക്കും, പുരസ്‌ക്കാരങ്ങള്‍ക്കും അര്‍ഹമായ ആ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍മാരില്‍ ചിലര്‍ ജീവിതം സ്വയമേ അവസാനിപ്പിച്ച സംഭവങ്ങളും ചരിത്രം നമുക്ക് മുന്നില്‍ തുറന്ന് വെക്കുന്നു. തങ്ങളുടെ നീതിബോധത്തെയും, മാനുഷികതയെയും അത്രമേല്‍ ചോദ്യം ചെയ്ത ചില ചിത്രങ്ങളാല്‍ അവര്‍ വേട്ടയാടപ്പെടുകയും മരണത്തിനു സ്വയം വിധേയരാവുകയും ചെയ്തു. അതില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട മൂന്നു ഫോട്ടോഗ്രാഫേഴ്‌സിനെ പരിചയപ്പെടാം.
ഡയാന്‍ ആര്‍ബസ്
ഡയാന്‍ ആര്‍ബസിന്റെ ഫോട്ടോഗ്രാഫുകള്‍ ജീവിതത്തിന്റെ വിചിത്രമായ വീക്ഷണത്തിലൂന്നിയുള്ളവയായിരുന്നു. മനസ്സിനെ അത്രമേല്‍ അസ്വസ്ഥമാക്കും വിധമുള്ള ചിത്രങ്ങളായിരുന്നു അതിലേറെയും. ദുരൂഹത നിറഞ്ഞതും ഇരുണ്ടതുമായ മനുഷ്യാവസ്ഥകളെ നിരന്തരം പ്രണയിച്ചിരുന്നു ഡയാന്‍. ശാരീരിക വൈകല്യങ്ങളുള്ളവരെയും വിചിത്രമായ മാനസികതലങ്ങളിലുള്ളവരെയും തെരുവിലെ സര്‍ക്കസ് കളിക്കാരെയും വരെ തന്റെ പോര്‍ട്രെയ്റ്റുകളില്‍ ഡയാന്‍ ഉള്‍പ്പെടുത്തിയിരുന്നു. അദ്ധേഹത്തിന്റെ മനസ്സ് അനിയന്ത്രിതമാം വിധം അതിന്റെ ഭീകരത പ്രകടമാക്കുകയും, പലപ്പോഴായി അക്രമാസക്തയാവുകയും ചെയ്തിരുന്നു. ബ്ലൈഡ് കൊണ്ട് സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിച്ചും സെഡേറ്റീവുകള്‍ അമിതമായി ഉപയോഗിച്ച് കൊണ്ടും 1971 ല്‍ ഡയാന്‍ തന്റെ ജീവിതം സ്വയം അവസാനിപ്പിക്കുകയായിരുന്നു. ചൈല്‍ഡ് വിത്ത് ടോയ് ഹാന്‍ഡ്, ഗ്രനേഡ് ഇന്‍ സെന്‍ട്രല്‍ പാര്‍ക്ക്, ഐഡന്റിക്കല്‍ ട്വിന്‍സ്, റോസെല്ലേ എന്നിവയാണ് ഡയാന്റെ പ്രധാന ചിത്രങ്ങള്‍.
.
ഐറാ ഗാലന്റ്
പ്രസിദ്ധമായ അമേരിക്കന്‍ ഫാഷന്‍ മാഗസിനായ 'വോഗി'ല്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റായിരുന്ന ഐറാ ഗാലന്റ് 1970ലാണ് ഫാഷന്‍ ഫോട്ടോഗ്രഫിയിലേക്ക് തിരിഞ്ഞത് . അദ്ധേഹത്തിന്റെ മുന്‍കാല ജീവിതം വളരെ ദുരൂഹത നിറഞ്ഞ ഒന്നായിരുന്നു. റഷ്യന്‍ ജൂത കുടുംബത്തില്‍ ജനിച്ച ഗാലാന്റിന്റെ സഹോദരന്‍ 1980 ല്‍ കൊല്ലപ്പെടുകയുണ്ടായി. ഫാഷന്‍ രംഗത്തും, ഹെയര്‍ സ്‌റ്റൈലിങ്ങിലും കഴിവുതെളിയിച്ച ഗാലന്റ് താനാര്‍ജ്ജിച്ചെടുത്ത അനുഭവസമ്പത്തിലൂടെ ഫോട്ടോഗ്രഫി മേഖലയില്‍ വളരെയധികം പ്രശസ്തി നേടുകയുണ്ടായി. വ്യക്തിപരവും മാനസികവുമായ പല പ്രതിസന്ധികളിലൂടെയും കടന്നുപോകേണ്ടിവന്ന അദ്ധേഹത്തിനെ ഏറ്റവുമധികം അസ്വസ്ഥയാക്കിയിരുന്നത് തന്റെ സഹോദരന്റെ കൊലപാതകമായിരുന്നു. മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗത്താല്‍ കടുത്ത വിഷാദരോഗത്തിന് അടിമയായിത്തീര്‍ന്ന ഗാലന്റ് പിന്നീട് അതില്‍നിന്ന് മോചിതയായെങ്കിലും ആരോഗ്യസ്ഥിതി വളരെ മോശമാവുകയും കടുത്ത ദാരിദ്ര്യത്തിലെത്തിപ്പെടുകയും ചെയ്തു. 1990 ല്‍ അമേരിക്കയിലെ ലാസ് വെഗാസ് ഹോട്ടലില്‍ ഗാലന്റിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
ബോബ് കാര്‍ലോസ് ക്ലര്‍ക്ക്
ലൈംഗികതയെ അതിന്റെ വിവിധമായ ആര്‍ട്ടിസ്റ്റിക് തലങ്ങളില്‍ അടയാളപ്പെടുത്തും വിധമുള്ളവയായിരുന്നു വിഖ്യാത ഫോട്ടോഗ്രാഫര്‍ ബോബ് കാര്‍ലോസ് ക്ലര്‍ക്കിന്റെ ചിത്രങ്ങള്‍. രതിയുടെ വ്യത്യസ്ഥ മനോതലങ്ങളെ തന്റെ ഫോട്ടോഗ്രഫിക്ക് ക്യാന്‍വാസില്‍ ചായം ചേര്‍ത്ത് വരച്ചിട്ടിരുന്നു അദ്ധേഹം . രതിജന്യമായ പോട്രെയ്റ്റുകളിലൂടെ നഗ്നതയെ പല വിധത്തില്‍ ഒപ്പിയെടുത്തിരുന്ന ഫോട്ടോഗ്രാഫുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആര്‍ട്ട്ഗ്യാലറികളില്‍ ഇന്നും പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീയുടെ ലൈംഗീകതയെ അതിന്റെ മുഴുവന്‍ സൗന്ദര്യത്തില്‍ തന്റെ ക്യാമറ കണ്ണിലൂടെ അദ്ദേഹം കണ്ടു. കടുത്ത വിഷാദ രോഗത്തിന് അടിമപ്പെട്ടിരുന്ന ബോബ് സ്വയം ഇല്ലാതാകുകയായിരുന്നു. 2006 മാര്‍ച്ചില്‍ ആയിരുന്നു ബോബിന്റെ ആത്മഹത്യ. അദ്ധേഹത്തിന്റെ വീക്ഷണങ്ങളടങ്ങുന്ന, ഭൂതകാലത്തെ അടയാളപ്പെടുത്തുന്ന ഫോട്ടോഗ്രഫി പ്രദര്‍ശനം “മെയ്ഡ് ഇന്‍ ഹെവന്‍” എന്ന പേരില്‍ ലണ്ടനിലെ പ്രസിദ്ധമായ ലിറ്റില്‍ ബ്ലാക്ക് ഗാലറിയില്‍ നടത്തുന്നു. എഴുതി തീര്‍ന്നിട്ടും ബാക്കിയാകുന്ന അക്ഷരങ്ങള്‍ പോലെ ' ഉടഞ്ഞുപോയൊരു ഫ്രെയിമില്‍' ഇവര്‍ മൂന്നു പേരും ഇന്നും ജീവിക്കുന്നു.

Comments
Post a Comment